'ഇന്ന് കരിങ്കൊടിയുമായി ആരും ചാടുന്നത് കണ്ടില്ല'; നേതൃത്വം നല്‍കിയ നിര്‍ദേശമെങ്കില്‍ നല്ലതെന്ന് മുഖ്യമന്ത്രി

  • 22/11/2023

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തങ്ങളുടെ വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നവകേരള സദസ് ബഹിഷ്‌കരിക്കും എന്ന് മാത്രമല്ല, തെരുവില്‍ നേരിടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആ നിലയില്‍ നിന്ന് പിന്മാറണമെന്നാണ് ആവര്‍ത്തിച്ച്‌ പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കുറച്ച്‌ നല്ലബുദ്ധി അവര്‍ക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ‌ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും ചാടി വരുന്നത് കണ്ടില്ല. അത് നേതൃത്വം നല്‍കിയ നിര്‍ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ?

പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍തന്നെ മനസിരുത്തി നോക്കണം. തെരുവില്‍ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ, ഞങ്ങളെയല്ലല്ലോ തെരുവില്‍ നേരിടേണ്ടത്. പരിപാടിയില്‍ വരുന്ന ജനങ്ങളെയല്ലേ? ജനലക്ഷങ്ങളെ തെരുവില്‍ നേരിടുമെന്നാണോ നിങ്ങള്‍ പറയുന്നത്. മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനം വരെ യാത്രയുടെ മുന്നില്‍ കരിങ്കൊടികള്‍ വരാൻ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാല്‍ ഇന്ന് പകല്‍ അതിനെല്ലാം പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ടെങ്കില്‍ നല്ലത്'- മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍‌ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

Related News