'നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയൻ'; പ്രശംസിച്ച്‌ കോഴിക്കോട് ബിഷപ്പ്

  • 25/11/2023

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് കോഴിക്കോട് ബിഷപ്പിന്റെ പ്രശംസ. മുഖ്യമന്ത്രിയുമൊത്തുള്ള പ്രഭാത യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നവകേരള സദസ്സ് ചരിത്ര മുഹൂര്‍ത്തമെന്നും വര്‍ഗീസ് ചക്കാലക്കല്‍ അഭിപ്രായപ്പെട്ടു.

അതേ സമയം, വടകരയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുംവഴി മുഖ്യമന്ത്രിക്ക് നേരെ കെഎസ്‍യു പ്രവര്‍ത്തക‌ര്‍ കരിങ്കൊ‌ടി കാണിച്ചു. കൂടാതെ ഇന്ന് വടകര നടന്ന നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നല്‍കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു. 

Related News