‘കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണിത്’; മുഖ്യമന്ത്രി

  • 27/11/2023

യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വാക്കുകൾ: നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്‍റും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്.

കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Related News