കുസാറ്റ് അപകടം: അന്വേഷിക്കാൻ മൂന്നംഗ സംഘം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

  • 27/11/2023

കുസാറ്റ് ക്യാമ്ബസിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ സ്കൂള്‍ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാര്‍ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റയിത്. രജിസ്ട്രാര്‍ക്ക് പ്രിൻസിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി. സംഗീത നിശയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്തായത്. 

അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നും വിസി വ്യക്തമാക്കി. അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ചു വിശദീകരണം നല്‍കാൻ ആലുവ റൂറല്‍ എസ്പിക്കും കൊച്ചി സര്‍വകലാശാല രജിസ്ട്രാര്‍ക്കും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കി.

കുസാറ്റിലെ സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടാണു നാലു വിദ്യാര്‍ഥികള്‍ ശനിയാഴ്ച മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ 34 പേര്‍ ചികിത്സയിലുണ്ട്. 

Related News