ഏഴു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ

  • 27/11/2023

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 


കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2018 മാര്‍ച്ച്‌ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 

മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഏഴു വയസ്സുള്ള മകളുമായി കാമുകനൊപ്പം താമസിക്കുകയായിരുന്നു പ്രതി. പീഡനവിവരം പുറത്തുപറയരുതെന്ന് അമ്മ കുട്ടിയെ വിലക്കിയിരുന്നു. 

കുട്ടിയെ കാണാനെത്തിയ സഹോദരിയോടാണ് പീഡന വിവരം ഏഴുവയസ്സുകാരി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സഹോദരിയാണ് പീഡനത്തെക്കുറിച്ച്‌ പൊലീസിനെ അറിയിക്കുന്നത്. 

കേസില്‍ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയില്‍ കാമുകൻ ശിശുപാലൻ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷണം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Related News