കേരള വര്‍മയില്‍ എസ്‌എഫ്‌ഐ തന്നെ: റീ കൗണ്ടിംഗില്‍ അനിരുദ്ധന് മൂന്ന് വോട്ടുകള്‍ക്ക് ജയം

  • 02/12/2023

കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് 3 വോട്ട് ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റീ കൗണ്ടിങ് നടത്തിയത്. അനിരുദ്ധന് 892 ഉം ശ്രീക്കുട്ടന് 889 ഉം വോട്ടുകളാണ് ലഭിച്ചത്. 

കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ഥികളും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി അസാധു വോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 

വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്‌എഫ്‌ഐ, കെഎസ്‌യു, എബിവിപി, എഐഎസ്‌എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്‌എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് ലഭിച്ചത് 895 വോട്ടായിരുന്നു.

Related News