സുരേന്ദ്രനേക്കാള്‍ സന്തോഷം പിണറായി വിജയന്; കോണ്‍ഗ്രസിനെ ഉപദേശിക്കേണ്ട: വിഡി സതീശന്‍

  • 04/12/2023

മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേക്കാള്‍ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പകല്‍ ബിജപി വിരോധം സംസാരിക്കുകയും രാത്രിയാകുമ്ബോള്‍ കേസുകളില്‍ നിന്നും രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്നയാളാണ് പിണറായി വിജയന്‍, അങ്ങനെയുള്ള പിണറായിയുടെ ഉപദേശം കേരളത്തിലെയോ ദേശീയ തലത്തിലെയോ കോണ്‍ഗ്രസിന് വേണ്ടെന്നും സതീശന്‍ പറഞ്ഞു. 

സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മര്‍ദം കൊണ്ടാണ് സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയക്കേണ്ടെന്ന് തീരുമാനിച്ചത്. വി ഡി സതീശന്‍ പറഞ്ഞു.

''അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലര്‍ത്തുന്നത്. 38ാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തില്‍ ആ ബന്ധം വളര്‍ന്നത്? കേരളത്തില്‍ തുടങ്ങിയ എല്ലാ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയി. ഇതെല്ലാം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്ന ധാരണയാണെന്നും'' വി ഡി സതീശന്‍ പറഞ്ഞു. 

Related News