നിയമന തട്ടിപ്പ് കേസ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

  • 06/12/2023

ആരോഗ്യവകുപ്പിന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ അരവിന്ദനെയാണ് കന്‍റോണ്‍മന്‍റ് പൊലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയാണ് നടപടി. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം അരവിന്ദ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴ‌ഞ്ചേരി ആശുപത്രിക്ക് മുന്നില്‍ വച്ച്‌ വ്യാജ നിയമന ഉത്തരവും നല്‍കി. ഈ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.

ഈ വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തട്ടിപ്പില്‍ പിടിയിലായതറിഞ്ഞ് ജോലിക്ക് പണം നല്‍കിയ നിരവധി പേരാണ് പൊലീസിനെ വിളിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിയമനത്തിന് എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം വാഗ്ദാനം ചെയ്തു തന്നോട് മൂന്ന് ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോര്‍ച്ച നേതാവ് അജിത് സജി രംഗത്തെത്തി.

Related News