നാട് ഒരു നിലക്കും മുന്നോട്ട് പോകരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്: മുഖ്യമന്ത്രി

  • 07/12/2023

പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസ്സില്‍ വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും യുഡിഎഫ് കണ്‍വീനര്‍ അങ്ങനെ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ജനാധിപത്യ പ്രക്രിയയല്ല.ജനാധിപത്യമില്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം വിമര്‍ശിച്ചു.

വയനാട് തുരങ്ക പാതയെ സഹ്യൻ്റെ പേര് പറഞ്ഞ് എതിര്‍ത്ത ആളാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാട് ഒരു നിലക്കും മുന്നോട്ട് പോകാൻ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. നവ കേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നേതാവിൻ്റെ ആഹ്വാനം ജനങ്ങള്‍ തള്ളി. പല കൂട്ടായ്മകളും കേരളം കണ്ടിട്ടുണ്ട്. ജനങ്ങള്‍ അതിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അതിൻ്റെയെല്ലാം മുകളിലാണ് നവകേരള സദസ്. പറവൂരിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞത്. അത് ജനങ്ങള്‍ പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രിമാരും രൂക്ഷമായ ഭാഷയില്‍ വേദിയില്‍ വിമര്‍ശിച്ചു. പറവൂരിലെ തമ്ബുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതില്‍ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസ്സില്‍ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു.

Related News