ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം: 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

  • 11/12/2023

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ അടിച്ചടക്കം പ്രതിഷേധിച്ച്‌ ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച്‌ പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രതിഷേധം. എന്നാലിത് തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നത്. ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. പേട്ട പള്ളിമുക്കില്‍ വച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ രോഷാകുലനായ ഗവര്‍ണര്‍ ആരിഫ് ഖാൻ, കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു. 

Related News