നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലരുത്; ഹര്‍ജിക്കാരന് പിഴ ഈടാക്കി ഹൈക്കോടതി

  • 13/12/2023

വയനാട് ക്ഷീരകര്‍ഷകനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന ഉത്തരവിനെതിരേ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മനുഷ്യനെ കൊന്നുതിന്ന കടുവയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു.

സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവിറക്കിയത്. മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്നായിരുന്നു ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

നരഭോജിയായ കടുവയെ വെടിവെക്കുന്നതിന് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നുവെന്നും അതിന് ശേഷമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിച്ച്‌ പബ്ലിസിറ്റിക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഹര്‍ജിക്കാരന്‍ 25000 രൂപ പിഴ അടക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 

Related News