ഗവര്‍ണര്‍ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു; സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കയറാനാണ് ശ്രമം; എംവി ഗോവിന്ദന്‍

  • 15/12/2023

കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍ ആലോചിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണറായി ഇരുന്നു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഘപരിവാര്‍ വേദികളിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കേരള സര്‍ക്കാര്‍ രാഷ്ട്രീയമായി സര്‍വകലാശാലകളില്‍ ഇടപെടുന്നുവെന്നു പറയുന്നതു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് എന്നതു ഗൗരവമുള്ളതാണ്. ആര്‍എസ്‌എസ് സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നത്. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. അദ്ദേഹത്തിന് എവിടെനിന്നാണ് ആ പേരുകള്‍ കിട്ടിയത് എന്നതിനെപ്പറ്റി മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല.

Related News