'മക്കളെ പരിചരിക്കണം'; മഞ്ജുമോളുടെ ജാമ്യാപേക്ഷ തള്ളി കോടതി, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 15/12/2023

വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജുമോളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ പരിചരിക്കാന്‍ ജാമ്യം വേണമെന്നാവശ്യപ്പെട്ടാണ് മഞ്ജു കോടതിയെ സമീപിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് ഭര്‍ത്താവിന്റെ അമ്മയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായത്. 

കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഇത് ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളെന്നും യുവതിയെഅറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 80കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്.വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

വയോധികയെ യുവതി വീട്ടിനകത്ത് വച്ച്‌ മര്‍ദിക്കുന്നതും രൂക്ഷമായി വഴക്കുപറയുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. 

Related News