പത്തുദിവസത്തെ ഭീതി അകന്നു; വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍

  • 18/12/2023

പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി, പത്താം ദിവസമാണ്, കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഡബ്ല്യുഡബ്ല്യുഎല്‍ 45 എന്ന കടുവ കുടുങ്ങിയത്. 

നേരത്തേ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാന്‍ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.അതേസമയം, കര്‍ഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കെണിയില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെനിന്നു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്

ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കാല്‍പാടുകള്‍ പരിശോധിച്ചാണ് നരഭോജി കടുവയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതെന്നു വനസേന സ്ഥിരീകരിച്ചത്. 

Related News