തമിഴ്നാട്ടിൽ കനത്ത മഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ തുറന്നേക്കും

  • 18/12/2023

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറന്നേക്കും. സെക്കന്‍റില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി.

അതേസമയം പെരിയാറില്‍ വെളളം കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. 138 അടക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്.1867 ഘനയടി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്‍റില്‍ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്നത് കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്‍റെ തീരുമാനം. കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

അതേസമയം, തെക്കൻ തമിഴ്നാട്ടില്‍ ഇന്നലെയും അതിതീവ്ര മഴ തുടര്‍ന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related News