കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

  • 25/12/2023

അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്. 

ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. 14 മണിക്കൂറുകളായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്.

അതിനൊരു പരിഹാരം ഉണ്ടാവണം. അവരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പരിഹാരം കാണാന്‍ കഴിയും. എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.

Related News