തുടക്കത്തില്‍ എട്ടുസേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ വാട്‌സ്‌ആപ്പിലുമെത്തും; 'കെ സ്മാര്‍ട്ട് പദ്ധതി'

  • 28/12/2023

തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. 

കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്‌ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ വാട്സ്‌ആപ്പ് വഴിയും ഇ-മെയില്‍ വഴിയും അയക്കും. കെ സ്മാര്‍ട്ടിലൂടെ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാകും. സ്വന്തം ഭൂമിയില്‍ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാം എന്ന വിവരവും അറിയാം.

കെട്ടിടനിര്‍മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടപ്രകാരമാണ് തയ്യാറാക്കിയത് എന്ന് സോഫ്റ്റ്വെയര്‍ തന്നെ പരിശോധിച്ച്‌ ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ, വിമാനത്താവളമേഖല, പരിസ്ഥിതിലോലപ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സംവിധാനമുണ്ട്. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തും.

Related News