മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

  • 29/12/2023

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്.

ഭസ്മവിഭൂഷിതനായി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച്‌ യോഗനിദ്രയിലുള്ള അയ്യപ്പനെ മകരവിളക്ക് മഹോത്സവത്തിനായി ഉണര്‍ത്തും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എൻ മഹേഷാണ് നട തുറക്കുക. തുടര്‍ന്ന് ആഴിയില്‍ അഗ്നി പകരും. ജനുവരി 15നാണ് മകരവിളക്ക്. 12നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. 13ന് പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

മണ്ഡല കാലത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉണ്ടായ പിഴവുകള്‍ പരിഹരിച്ച്‌ തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും ദേവസ്വം ബോര്‍ഡും. ശബരി പീഠം മുതല്‍ സന്നിധാനം വരെ 36 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫൻസ് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകും. ക്യൂ കോംപ്ലക്സില്‍ ആവശ്യമുള്ളവര്‍ മാത്രം കയറിയാല്‍ മതിയാകും. തീര്‍ഥാടകരെ ക്യൂ കോംപ്ലക്സില്‍ കയറ്റാതെ സന്നിധാനത്ത് കടത്തി വിട്ട് 30, 31 തിയതികളില്‍ പരീക്ഷണം നടത്തും.

Related News