പുതുവത്സരാഘോഷം; സംസ്ഥാനത്ത് കര്‍ശന പരിശോധന; കൊച്ചി കാര്‍ണിവല്‍ മൈതാനത്ത് ഉള്‍ക്കൊളളാവുന്നവര്‍ മാത്രം

  • 30/12/2023

പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച്‌ സംസ്ഥാനത്ത് കര്‍ശന പരിശോധന. കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു.

വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. നാളെ രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ നിയന്ത്രിക്കുന്നതിനുള്ള പൊലിസ് സംവിധാനം ഉണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ വീഴ്ച വിലയിരുത്തിയാണ് ഇക്കുറി പൊലീസ് സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തില്‍ 13 ഡിവൈഎസ്പിമാരായിരിക്കും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുക. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരം പൊലീസിനെ വിന്യസിക്കും. കൊച്ചി നഗരത്തില്‍ മൊത്തം രണ്ടായിരത്തോളം പൊലീസ് സുരക്ഷയ്ക്കായി ഉണ്ടാകും.

Related News