54 പവന്‍ സ്വര്‍ണം, 6 കിലോ വെള്ളി ; ജ്വല്ലറിയില്‍ മോഷണം, മൂന്ന് ജീവനക്കാര്‍ പിടിയില്‍

  • 31/12/2023

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പോലീസ് പിടികൂടിയത്.

ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന് മാനേജരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് നിരീക്ഷണ ക്യാമറയിനിന്ന് വ്യക്തമായതോടെയാണ് മോഷണം വെളിപ്പെട്ടത്. 50 ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്.

ജ്വല്ലറി മാനേജര്‍ സ്ഥാപന ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരനായ അനീഷിന് വിലകൂടിയ ഇരുചക്ര വാഹനമുണ്ടെന്നും ആഡംബര വീട് പണിഞ്ഞതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ജീവനക്കാരനായ അനീഷിനെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജിവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതെന്നു തെളിഞ്ഞത്.

Related News