പുതുവര്‍ഷം ആഘോഷിക്കാൻ പെണ്‍സുഹൃത്തിനൊപ്പം മൂന്നാറിലെത്തി: യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍

  • 01/01/2024

പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ എത്തിയ യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തില്‍ എസ്.സനീഷ് (37) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി മൂന്നാറില്‍ എത്തിയതായിരുന്നു ഇരുവരും. പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ചയാണ് സനീഷ് ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം എത്തി പഴയ മൂന്നാറിലെ ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ശുചിമുറിയില്‍ നിന്നും ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയ യുവതിയാണ് കഴുത്തില്‍ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകര്‍ന്ന് താഴെ വീണ നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച സനീഷ്. ഇടുക്കിയില്‍ നിന്നുള്ള വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൂന്നാര്‍ എസ്‌ഐ പി.എസ്.സുധീരന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related News