അറബികടലില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ; കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ കൂടുതല്‍ കമാന്‍ഡോകളെത്തും

  • 05/01/2024

അറബികടലില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. കടല്‍കൊള്ളക്കാരെ നേരിടാനുള്ള കൂടുതല്‍ കമാൻഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും. കടല്‍കൊള്ളക്കാരെ ശക്തമായി നേരിടാൻ നാവിക സേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എല്ലാ യുദ്ധക്കപ്പലുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. സൊമാലിയൻ തീരത്ത് കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്നലെ നാവിക സേന മോചിപ്പിച്ചിരുന്നു. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന് ശേഷമുള്ള സാഹചര്യം കടല്‍കൊള്ളക്കാര്‍ മുതലെടുക്കുകയാണന്നാണ് നാവിക സേന വിലയിരുത്തല്‍. 

അറബിക്കടലിന്‍റെ വടക്ക് നടുക്കടലിലാണ് കടല്‍ക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഇന്നലെ നേരിട്ടത്. അറബികടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ 'എംവി ലില നോര്‍ഫോള്‍ക്' ഇന്ത്യൻ നാവികസേനാ കമാൻഡോകള്‍ പ്രവേശിക്കുന്നതും മാൻഡോകള്‍ ഡെക്കിലേക്കു കയറുന്നത് ഉള്‍പ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

Related News