കോതമംഗലത്ത് നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

  • 06/01/2024

കോതമംഗലം വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്‌ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏല്‍പ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടില്‍ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് പോകുമ്ബോള്‍ കുട്ടിയുടെ പക്കല്‍ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിയും.

Related News