സുല്‍ത്താൻ ബത്തേരിയില്‍ വനംവകുപ്പ് കൂട്ടിലാക്കിയ പി.എം-2 കാട്ടാനയെ കാട്ടില്‍ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി

  • 08/01/2024

സുല്‍ത്താൻ ബത്തേരിയില്‍ വഴിയാത്രക്കാരനെ ആക്രമിച്ചതിന്‍റെ പേരില്‍ വനംവകുപ്പ് കൂട്ടിലാക്കിയ പി.എം-2 കാട്ടാനയെ കാട്ടില്‍ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി. പി.എം-2വിനെ വെടിവെച്ച്‌ പിടികൂടാൻ വനംവകുപ്പ് അനാവശ്യമായി ധൃതി കാണിച്ചെന്നും വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു. ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിപ്പീള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

വനംവകുപ്പ് പിടികൂടി മുത്തങ്ങ ക്യാമ്ബിലേക്ക് മാറ്റിയ മോഴാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ കൃത്യമായ പദ്ധതി തയ്യാറാക്കി കാട്ടില്‍ തുറന്ന് വിടണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ആനക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടോ എന്നുള്ളത് പരിശോധിച്ച്‌ ഉറപ്പാക്കണം. ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്ന വനമേഖല കണ്ടെത്തണം. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടടെ സഞ്ചാരം ആറുമാസമെങ്കിലും നിരീക്ഷിക്കണമെന്നും വിദനല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്നാട്ടില്‍ റിവാഡോ എന്ന ആനയെയും കര്‍ണ്ണാടകയില്‍ മറ്റൊരാനയെയും ഇതുപോലെ പിടികൂടി തുറന്ന് വിട്ടിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. സുല്‍ത്താൻ ബത്തേരിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related News