സാന്ത്വനം കുവൈറ്റ്' വാർഷിക പൊതുയോഗം സഘടിപ്പിച്ചു

  • 10/02/2024


കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന "സാന്ത്വനം കുവൈറ്റ്" 23 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് ജ്യോതിദാസ്‌ പി എൻ അധ്യക്ഷത വഹിച്ച യോഗം ഡോ. തോമസ്‌ കോശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിതിൻ ജോസ്‌ 2023 ലെ വിശദമായ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സന്തോഷ്‌ ജോസഫ്‌ സാമ്പത്തിക റിപ്പോർട്ടും, സുനിൽ ചന്ദ്രൻ വോളന്റിയേഴ്സിന്റെ പ്രവർത്തന സമ്മറി റിപ്പോർട്ടും അവതരിപ്പിച്ചു.

വാർഷിക പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സന്തോഷ്‌ കുമാർ പി സ്വാഗതവും അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

2023 പ്രവർത്തന വർഷത്തിൽ മാത്രം 1830 അംഗങ്ങളുടെ പിന്തുണയോടെ, 1,555 രോഗികൾക്ക് 1 കോടി 50 ലക്ഷം രൂപയുടെ ചികിത്സാ-സഹായ പദ്ധതികൾ നടപ്പിലാക്കിയെന്നും കഴിഞ്ഞ 23 വർഷത്തെ പ്രവർത്തനത്തിനിടെ 17,643 രോഗികൾക്കായി 16.90 കോടിയിലേറെ രൂപ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ-ദുരിതാശ്വാസ സഹായങ്ങളായി നൽകുകയുണ്ടായെന്നും ഭാരവാഹികൾ അറിയിച്ചു. 

ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലിയെടുക്കുന്ന നിർധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ ആവശ്യമായി വരുന്ന രോഗികളും, മാതാപിതാക്കളിലാരെങ്കിലും മരണമടഞ്ഞതുമൂലമോ മാരകമായ അസുഖം ബാധിച്ച് കിടപ്പിലായത് മൂലമോ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന നിർധനരായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയും, ഗൃഹനിർമ്മാണത്തിനുള്ള സാമ്പത്തിക പിന്തുണയും ഉൾപ്പെടുന്നു.  

2023 ലെ ഓണത്തോടനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ, ആദിവാസി കോളനികൾ എന്നിവിടങ്ങളിൽ ഓണസദ്യയും ഓണക്കോടിയും ഓണകിറ്റും നൽകുവാൻ സാന്ത്വനത്തിന് കഴിഞ്ഞു.

മുൻ വർഷത്തെ പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതിയായ, കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും, വരും വർഷം പ്രത്യേക പദ്ധതിയായി 35 ലക്ഷം രൂപ ചിലവിൽ ഇടുക്കി ജില്ലയിലെ പശുപ്പാറയിൽ പാലിയേറ്റീവ്‌ കെയർ & കമ്മ്യൂണിറ്റി സെന്റർ നിർമ്മിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംഷികളും കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ രംഗത്തെ ഒട്ടനവധി പ്രമുഖ വ്യക്തികളും പങ്കെടുത്ത്‌ ആശംസകൾ നേർന്ന് സംസാരിച്ചു. 

കഴിഞ്ഞ വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീർ "സ്മരണിക 2023", സജി ജോസ്‌ പ്രകാശനം ചെയ്തു. സുവനീർ രൂപകൽപ്പന ചെയ്ത നാസർ, കവർ പേജ് തയ്യാറാക്കിയ ആഞ്ചലിറ്റ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിജി തോമസ്‌ സുവനീർ ഏറ്റുവാങ്ങി.

പ്രവാസലോകത്തെ മികച്ച ജീവകാരുണ്യ സംഘടന എന്ന നിലയിൽ കഴിഞ്ഞ വർഷം സാന്ത്വനത്തിനു ലഭിച്ച ഗർഷോം അവാർഡ്‌ സമർപ്പണത്തിന്റെ പ്രത്യേക വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

2024 പ്രവർത്തന വർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികളായി, രാജേന്ദ്രൻ മുള്ളൂർ- പ്രസിഡണ്ട്, സന്തോഷ്‌ കുമാർ എസ്‌ - ജന.സെക്രട്ടറി, വിനോദ്‌ കുമാർ - ട്രഷറർ എന്നിവരെയും, പുതിയ എക്സിക്യൂട്ടീവ്, വർക്കിംഗ്‌ കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങളെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. അങ്ങനെ കൂടുതൽ സജീവമായ ഒരു പ്രവർത്തന വർഷത്തിലേക്ക്‌ സാന്ത്വനം കുവൈറ്റ്‌ കടന്നു.

Related News