ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് താത്കാലികമായി നിർത്തി വെച്ചു

  • 02/04/2024

അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ബിഗ് ടിക്കറ്റ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ പ്രവ‍ർത്തനങ്ങൾ താത്കാലികമായി നിർത്തുകയാണെന്ന് അറിയിപ്പിൽ പറയുന്നു. അതേസമയം ഇതിനോടകം ടിക്കറ്റുകൾ വിറ്റ നറുക്കെടുപ്പ് മുൻനിശ്ചയിച്ച പോലെ തന്നെ നടക്കും.


യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം കഴി‌ഞ്ഞ മാസം പ്രഖ്യാപിക്കുകയും ഓൺലൈനിലൂടെയും അല്ലാതെയും ടിക്കറ്റുകൾ വിൽക്കുകയും ചെയ്ത 262-ാം സീരിസ് നറുക്കെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ മൂന്നാം തീയ്യതി തന്നെ നടക്കും. ഒരു കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനം ഉൾപ്പെടെ എല്ലാ സമ്മാനങ്ങളും വിജയികൾക്ക് നൽകുമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ മേയ് മൂന്നാം തീയ്യതി നടക്കാനിരുന്ന ഡ്രീം കാർ നറുക്കെടുപ്പുകളും നടക്കും. മസെറാട്ടി ഗിബ്ലി, റേഞ്ച് റോവർ ഇവോക് എന്നീ വാഹനങ്ങളാണ് ഇവയിൽ വിജയികൾക്ക് സമ്മാനമായി ലഭിക്കുക. എല്ലാ മാസവും മൂന്നാം തീയ്യതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ നടന്നിരുന്നത്.

കഴി‌‌ഞ്ഞ വർഷം മാത്രം ആകെ 246,297,071 ദിർഹത്തിന്റെ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ വിജയികൾ സ്വന്തമാക്കിയത്. 1992ൽ പ്രവർത്തനം തുടങ്ങിയ ബിഗ് ടിക്കറ്റിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിജയികളായി കോടിക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിജയികളിൽ കൂടുതലും ഇന്ത്യക്കാരും മലയാളികളും തന്നെയായിരുന്നു. പ്രവാസികൾ പണം സമാഹരിച്ച് ടിക്കറ്റെടുക്കുന്നതും പതിവായിരുന്നു. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലിരുന്ന് ടിക്കറ്റെടുത്തവരും വിജയിച്ച് സമ്മാനങ്ങൾ നേടിയവരും ഉണ്ട്. യുഎഇയിൽ പുതിയ ഗെയിമിങ് ചട്ടങ്ങൾ നിലവിൽ വന്നശേഷം ജനുവരി മുതൽ തന്നെ മഹ്‍സൂസ്, എമിറേറ്റ് ഡ്രോ എന്നിവ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് താത്കാലികമായി പ്രവ‍ർത്തനം നിർത്തുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചിരുന്നു. 

Related News