പൊതുപ്രകടന പത്രിക പുറത്തിറക്കാൻ 'ഇന്ത്യ'; തൊഴിലവസരങ്ങളടക്കം വൻ പ്രഖ്യാപനങ്ങളുണ്ടായേക്കും

  • 16/04/2024

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യം പൊതുപ്രകടനപത്രിക ഇറക്കും. സഖ്യത്തിലെ വിവിധ കക്ഷികള്‍ ചർച്ച ചെയ്ത് പൊതു പ്രകടനപ്രതികയുടെ കരട് തയ്യാറാക്കി. സഖ്യത്തിലെ എല്ലാ പാർട്ടികളും, യോജിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊതുപ്രകടനപത്രികയിലെ നിർദേശങ്ങള്‍.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിലക്കയറ്റം പിടിച്ച്‌ നിർത്തല്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയ സംബന്ധിച്ച്‌ വൻ പ്രഖ്യാപനങ്ങളുണ്ടാകും. ഈ ആഴ്ച തന്നെ പൊതുപ്രകടനപത്രിക പുറത്തിറക്കിയേക്കും. നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ ആയതുകൊണ്ട് തന്നെ ഓണ്‍ലൈൻ ആയി ഇറക്കാനുള്ള സാധ്യതയാണ് സഖ്യം ആലോചിക്കുന്നത്.

2004- ല്‍ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതു മിനിമം പരിപാടി തയ്യാറാക്കിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ പ്രകടനപത്രിക ഇറക്കുന്നത്. ഇത്തവണയും തിരഞ്ഞെടുപ്പിന് മുമ്ബ് പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിനുള്ള ചർച്ചകള്‍ സഖ്യത്തിനുള്ളില്‍ നടന്നിരുന്നു. എന്നാല്‍ ദേശീയ പാർട്ടിയായ കോണ്‍ഗ്രസിനും, പ്രാദേശിക പാർട്ടികള്‍ക്കും ഇടയില്‍ ചില വിഷയങ്ങളില്‍ വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു മിനിമം പരിപാടി തയ്യാറാകാതെ പോയത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ ഒറ്റക്കെട്ടാണ് എന്ന സന്ദേശം നല്‍കാനാണ് നിലവില്‍ പൊതുപ്രകടനപത്രിക ഇറക്കുന്നത്.

Related News