സുഗന്ധഗിരി മരംമുറിക്കൽ; ഡിഎഫ്ഒക്കെതിരായ സസ്പെൻഷൻ മരവിപ്പിച്ചത് നടപടിക്രമങ്ങളിലെ പാളിച്ചയെ തുടർന്നെന്ന് മന്ത്രി

  • 20/04/2024

സുഗന്ധഗിരി മരംമുറിക്കൽ കേസ് ഡിഎഫ്ഒക്കെതിരായ സസ്പെൻഷൻ മരവിപ്പിച്ചതിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടർന്നാണ് സസ്പെൻഷൻ മരവിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിൽ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശുപാർശയുണ്ടായിരുന്നു. എന്നാൽ വിശദീകരണം തേടാതെയാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഷൻ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്പെൻഷൻ മരവിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാൻ അവസരം നൽകും. കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റ് പറ്റിയാൽ അത് നമ്മൾ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്ന് മന്ത്രി പറഞ്ഞു. ഡിഎഫ്ഒ എം ഷജ്ന കരീം, ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്.

വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, മേൽനോട്ട ചുമതലകളിൽ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കർശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥർ മരം മുറിക്കാരിൽ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തൽ. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്.

Related News