കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം; പ്രധാന റോഡുകള്‍ വെള്ളത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

  • 08/07/2024

മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. റെയില്‍ വ്യോമ ഗതാഗതത്തെ ഇന്നും കനത്ത മഴ ബാധിച്ചേക്കും.

ഇന്നലെ 50 വിമാനങ്ങളാണ് ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ച്‌ വിടുകയോ റദ്ദാക്കുകയോ ചെയ്തത്. മുംബൈ പൂനെ റൂട്ടില്‍ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നല്‍കിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്. 

അതേസമയം, തീരദേശ കർണാടകയിലും മഴ ശക്തമാണ്. ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളില്‍ 5 ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 36 മണിക്കൂറില്‍ തീരദേശ കർണാടകയില്‍ പെയ്തത് ഈ സീസണിലെ റെക്കോഡ് മഴയാണ്. കഴിഞ്ഞ 36 മണിക്കൂറില്‍ 150 മുതല്‍ 152 മില്ലിമീറ്റർ വരെ പെയ്തു. മംഗളുരു, ഉഡുപ്പി, കാർവാർ മേഖലകളില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. മംഗളുരു നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടാണ്. ഉഡുപ്പി, സിർസി, യെല്ലാപൂർ, സിദ്ധാപൂർ, മല്‍നാട് മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തീരദേശ കർണാടകയിലെ വിവിധ റിസർവോയറുകള്‍ നിറഞ്ഞതിനാല്‍ ഡാമുകള്‍ തുറന്ന് വിട്ടു.

Related News