സാമ്പത്തിക തട്ടിപ്പിന് ഇരയായി; 20 മിനിറ്റിനുള്ളിൽ കുവൈറ്റ് പ്രവാസിക്ക് നഷ്ടമായത് 1,015 ദിനാർ

  • 17/07/2024


കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പിന് ഇരയായി 20 മിനിറ്റിനുള്ളിൽ പ്രവാസിക്ക് നഷ്ടമായത് 1,015 കുവൈത്തി ദിനാർ. ബംഗ്ലാദേശ് പൗരനായ അബ്ദുൾ മാലെക് ഉസിർ ആണ് തട്ടിപ്പിനിരയായത്. തൻ്റെ ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഒരു ഫോൺ കോളിൽ നിന്നാണ് തട്ടിപ്പ് തുടങ്ങിയത്. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് പ്രവാസി പറഞ്ഞു.

അധികം വൈകാതെ ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) അടങ്ങിയ എസ്എംഎസ് സന്ദേശങ്ങൾ ഉസിറിന് ലഭിച്ചു. ഒടിപികൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് മറ്റൊരു കോൾ പിന്നാലെ വന്നു. മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ പല തവണകളായി പണം നഷ്ടപ്പെടുകയായിരുന്നു. 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു ഉസിർ. വർഷങ്ങളായി സ്വരൂപിച്ച തൻ്റെ സമ്പാദ്യമാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഫണ്ട് വീണ്ടെടുക്കുന്നതിനുള്ള സഹായത്തിനായി ബന്ധപ്പെട്ട അതോറിറ്റികളോട് എല്ലാം ഉസിർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News