ഇന്ത്യയിലെ കുവൈത്തി എംബസിയിൽ പീഡന പരാതി; 70കാരനായ പ്രതി അറസ്റ്റിൽ

  • 20/07/2024


കുവൈത്ത് സിറ്റി: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്നാരോപിച്ച് ഇന്ത്യയിലെ കുവൈത്ത് എംബസിയിൽ ജോലി ചെയ്യുന്ന 70കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എംബസിയിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് അറസറ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് മഹ്‌ല പറഞ്ഞു. ജൂലൈ 11ന് എംബസിയിൽ വച്ച് പ്രതി തന്നെ പീഡിപ്പിച്ചുവെന്ന് 20കാരിയായ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 74 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പോലീസ് അന്വേഷണം പൂർത്തിയായ ശേഷം സംഭവത്തിൽ നടപടിയെടുക്കുമെന്ന് കുവൈത്ത് എംബസി അറിയിച്ചു. ആരോപണം നേരിടുന്ന പ്രതിയും പരാതിക്കാരിയും ഇന്ത്യൻ പൗരന്മാരാണ്. ഒരു കുവൈത്തി പൗരനും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും എംബസി വ്യക്തമാക്കി. എംബസി ഹൗസ് കീപ്പിംഗ് ഡ്യൂട്ടിക്കായി ഏർപ്പെട്ടിരിക്കുന്ന ഒരു ഔട്ട്‌സോഴ്‌സിംഗ് കമ്പനിയുടെ മൾട്ടി ടാസ്‌കിംഗ് ടീമിന്റെ ഭാ​ഗമാണ് ഇരുവരുമെന്നും എംബസി അറിയിച്ചു.

Related News