'എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, പേരു പറയാത്തത് അവഗണനയല്ല'; പ്രതിപക്ഷത്തെ തള്ളി നിര്‍മല സീതാരാമന്‍

  • 24/07/2024

കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല. പേരു പറഞ്ഞില്ല എന്നുവെച്ച്‌ സംസ്ഥാനങ്ങളെ തഴഞ്ഞൂ എന്നല്ല അര്‍ത്ഥമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. 

നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തി. ഇടപെട്ട സഭാധ്യക്ഷന്‍, ധനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ ബജറ്റിനെച്ചൊല്ലി ബഹളമുണ്ടാക്കുന്നു. ജനാധിപത്യത്തെ മാനിച്ച്‌ താന്‍ പറയുന്നതു കേള്‍ക്കാനുള്ള സൗമനസ്യം പ്രതിപക്ഷം കാട്ടണമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.

ബജറ്റില്‍ ഞാന്‍ പല സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞിട്ടില്ലെന്നും രണ്ട് സംസ്ഥാനങ്ങളെക്കുറിച്ച്‌ മാത്രമാണ് സംസാരിച്ചതെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. രാജ്യത്ത് വളരെക്കാലം കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്നിട്ടുണ്ട്. അവര്‍ നിരവധി ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related News