തിരച്ചിലില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; പുതിയ സിഗ്നല്‍ ലഭിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍

  • 26/07/2024

തിരച്ചിലില്‍ ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഉത്തര കന്നട കല്കടര്‍ ലക്ഷ്മി പ്രിയ. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐ ബോഡ് കണ്ടെത്തിയ നാലാമത്തെ സിഗ്നല്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നതെന്നും ലോറി മുന്നോട്ട് നീങ്ങിയോ എന്ന് സംശയമുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാം വരുംദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് കലക്ടര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുഴയില്‍ അടിയൊഴുക്ക് ഉണ്ട്. നേവിയുടെ ഡൈവേഴ്‌സിന് പ്രതിസന്ധിയുണ്ട്. രക്ഷാദൗത്യത്തില്‍ പുതിയ സാധ്യതകള്‍ ഉപയോഗിക്കുമെന്നും റിയാസ് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ചില പ്രതിസന്ധികള്‍ ഉണ്ടായി. എന്ത് പ്രതിസന്ധിയുണ്ടായാലും ശ്രമം തുടരുമെന്നാണ് യോഗത്തില്‍ എടുത്ത തീരുമാനം. വൈകീട്ട് വീണ്ടും യോഗം ചേരുമെന്നും റിയാസ് പറഞ്ഞു.

ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴ മധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തിരച്ചില്‍ തുടരും. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇരുമ്ബുവടം ഉപയോഗിച്ച്‌ പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും.

അതിനിടെ, ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്‌നല്‍ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. ഡ്രോണ്‍ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍ ലഭിച്ചിരിക്കുന്ന പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണെന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Related News