വിമാനക്കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്നത് പൗരാവകാശ നിഷേധം: ഐ സി എഫ് ജനകീയ സഭ

  • 28/07/2024


കുവൈറ്റ് സിറ്റി: നീതീകരിക്കാനാവാത്ത ടിക്കറ്റ് നിരക്ക് വർധനവിലൂടെയും തോന്നുമ്പോഴൊക്കെയുള്ള ഷെഡ്യൂൾ മാറ്റങ്ങളിലൂടെയും വിമാനക്കമ്പനികൾ നടത്തുന്ന ചതികൾ പ്രവാസലോകത്തെ ഇന്ത്യക്കാരുടെ പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് 'അവസാനിക്കാത്ത ആകാശച്ചതികൾ' എന്ന ടൈറ്റിലിൽ ഐ സി എഫ് കുവൈറ്റ് സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.  

ഷെഡ്യൂളുകൾ കാൻസൽ ചെയ്യുകയോ ഒരു പരിധിക്കപ്പുറം വൈകുകയോ ചെയ്യുമ്പോൾ മാന്യമായ നഷ്ടപരിഹാരവും ബദൽ സംവിധാനങ്ങളും ഒരുക്കാൻ ലോകത്തെ മുൻ നിര എയർലൈനുകൾ സന്നദ്ധരാകാറുണ്ട്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇതൊന്നും തങ്ങൾക് ബാധകമല്ലെന്ന മട്ടിലാണ് പെരുമാറുന്നത്. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രവാസികൾക്കു വോട്ടവകാശം പോലും ശരിപ്പെടുത്താൻ കഴിയാത്ത സംവിധാനങ്ങൾ പ്രവാസികൾ നാട്ടിന്റെ നട്ടെല്ലാണെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് സുഖിപ്പിച്ചു കിടത്താനാണ്. വോട്ടവകാശം, സഞ്ചാര സ്വാതന്ത്ര്യം, സർക്കാർ കാര്യാലയങ്ങളിലെ മാന്യമായ പെരുമാറ്റം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ക്രിയാത്മകമായ സമരമാർഗ്ഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. പ്രവാസലോകത്തെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ ഏകോപനം സാധ്യമാക്കി ഇക്കാര്യത്തിൽ മുന്നോട്ടു പോകണം. 

സാൽമിയ സുന്നി സെൻററിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സാലിഹ് കിഴക്കേതിൽ കീനോട്സ് അവതരിപ്പിച്ചു. അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ (OICC), ജലിൻ തൃപ്രയാർ (മീഡിയ ഫോറം), ഡോക്ടർ മുഹമ്മദലി (KMCC), അൻസാരി (കല), ഒ പി ഷറഫുദ്ദീൻ (KKMA), ഹാരിസ് പുറത്തീൽ (RSC) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റസാഖ് സഖാഫി പനയത്തിൽ സ്വാഗതവും സമീർ മുസ് ലിയാർ നന്ദിയും പറഞ്ഞു.

Related News