'കോച്ചിങ് സെന്ററുകള്‍ മരണമുറികളായി, കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുന്നു'; കേന്ദ്രത്തിന് നോട്ടീസയച്ച്‌ സുപ്രീംകോടതി

  • 05/08/2024

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ച്‌ സുപ്രീംകോടതി. കോച്ചിങ് സെന്ററുകള്‍ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്നും കുറ്റപ്പെടുത്തിയ കോടതി ദുരന്തത്തിന്റെ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുക്കുകയാണെന്നും വ്യക്തമാക്കി.

കോച്ചിങ് സെന്ററുകള്‍ക്ക് എന്തൊക്കെ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. അതേസമയം കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു.

കോച്ചിങ് സെന്ററുകളെ മരണ അറകള്‍ എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ജീവന്‍ വെച്ച്‌ കളിക്കുകയാണെന്നും വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മാത്രം നൂറോളം കോച്ചിങ് സെന്ററുകളാണുള്ളത്. സിവില്‍ സര്‍വീസ് പരീക്ഷ പോലുള്ള പരിശീലനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവര്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

Related News