സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. സൈനിക ഹെലികോപ്റ്ററില്‍ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശില്‍ സമരം തുടങ്ങിയത്. വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പില്‍ മുന്നൂറോളം പേർ കൊല്ലപ്പെട്ടു.
സമരക്കാരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാരും മരിച്ചു. ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററില്‍ സ്ഥലം വിട്ടു. സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?