ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, 'ഡിഎൻഎ പരിശോധന വേണം'

  • 06/08/2024

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുൻ്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടല്‍തീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 

മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മല്‍പെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീർണാവസ്ഥയിലായതിനാല്‍ ആരുടേതെന്ന് പറയാൻ കഴിയില്ല. എന്നാല്‍ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.

അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളൂ. ഈ പരിശോധന പെട്ടെന്ന് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. 

Related News