വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍

  • 07/08/2024

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബില്‍ കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഭരണ ഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കും. 

മുസ്‍ലിം മത സംഘടനകളുടെയും പ്രതിപക്ഷത്തിന്‍റെയും വലിയ എതിർപ്പ് വകവെക്കാതെയാണ് കേന്ദ്ര സർക്കാർ ഇന്ന് വഖഫ്‌ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വഖഫ് ബോർഡിന്‍റെ അധികാരങ്ങള്‍ പൂർണമായും എടുത്ത് കളയുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. ഭേദഗതി പ്രകാരം വഖഫ് കൗണ്‍സിലിലും വഖഫ് ബോർഡുകളിലും മുസ്‍ലിം ഇതരവിഭഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകും.

വനിതകളെയും അംഗങ്ങളാക്കണെമെന്നും ഭേദഗതിയില്‍ പറയുന്നു. വഖഫ് സ്വത്തുക്കള്‍ സർക്കാർ കർശന പരിശോധനകള്‍ക്ക് വിധേയമാക്കും. തർക്ക ഭൂമികള്‍ പരിശോധിക്കും. ഭൂമിയുടെ രജിസ്‌ട്രേഷനായി പ്രത്യേക പോർട്ടല്‍ സജ്ജീകരിക്കാനും ബില്ലില്‍ നിർദേശമുണ്ട്. വഖഫ് ബോര്‍ഡുകള്‍ക്കുമേല്‍ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വതന്ത്രവും സ്വയം ഭരണവും നഷ്ട്ടമാകും. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാർ‌ ലക്ഷ്യം. സുതാര്യത കൊണ്ടുവരാനാണ് ഭേദഗതികള്‍ വഴി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ വാദം.

Related News