അര്‍ജുനെ തേടി; ഷിരൂരില്‍ തിരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും

  • 12/08/2024

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. കാർവാറില്‍ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചില്‍ ആരംഭിക്കുന്നത്. 

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപത് മണിയോടെ കാർവാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചില്‍ സംബന്ധിച്ച തീരുമാനം എടുക്കുക.

നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച്‌ സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്റെ സ്ഥാനം മാറാൻ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.

തിരച്ചില്‍ അനിശ്ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അർജുൻറെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.

Related News