'ആശുപത്രി തകര്‍ത്തത് ബിജെപി'; ആരോപണവുമായി മമത ബാനര്‍ജി, ഡോക്ടര്‍മാര്‍ സമരം നിര്‍ത്തണമെന്നും ആവശ്യം

  • 15/08/2024

പശ്ചിമബംഗാളില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ ആരോപണം. ഡോക്ടർമാർ സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്നലെ അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികള്‍ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകർത്ത അക്രമികള്‍ ഡോക്ടർമാരുള്‍പ്പടെ സമരം ചെയ്യുന്നവരെ മർദിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കം പൂർണമായും അക്രമികള്‍ തകർത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.

അക്രമികള്‍ മമത ബാനർജിയുടെ ഗുണ്ടകളാണെന്നും തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപി ആരോപിച്ചു. സാമ്രാജ്യം തകർന്നു തുടങ്ങിയ മമത ഭയത്തിലാണെന്നും നേതാക്കള്‍ വിമർശിച്ചു. അക്രമികള്‍ എല്ലാ സീമകളും ലംഘിച്ചെന്നും രാഷ്ട്രീയം നോക്കാതെ അക്രമികള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. 

Related News