കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സജ്ഞയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. കൊല്‍ക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന നടത്തിയിരുന്നു.
രാജ്യത്തെ നടുക്കിയ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ നിർണ്ണായക നടപടികള്‍ക്കാണ് ഇന്ന് കൊല്‍ക്കത്ത പ്രസിഡൻസി ജയില്‍ സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ച നുണപരിശോധന മൂന്നേ മുക്കാല്‍ മണിക്കൂർ നീണ്ടു. കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നുണപരിശോധന.
ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ്, കുറ്റകൃത്യം നടന്ന ദിവസം വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവില്‍ വളണ്ടിയർ എന്നിവരുടെ നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. സാള്‍ട് ലേക്കിലെ സിബിഐ ഓഫീസിലായിരുന്നു പരിശോധന. നിലവില്‍ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തില്‍ പങ്കുള്ളൂവെന്നാണ് സിബിഐയുടെയും വിലയിരുത്തല്‍. നുണ പരിശോധന ഫലം വരുന്നതോടെ ഈ കാര്യത്തിലും വ്യക്തത കൈവരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?