ബൂബിയാൻ വോളിബോൾ കോച്ചിന് യാത്രയയപ്പു നൽകി

  • 23/12/2024


കുവൈറ്റിലെ പ്രശസ്ത ഇന്ത്യൻ പ്രൊഫഷണൽ വോളിബോൾ ക്ലബായ ബൂബിയൻ സ്ട്രൈക്കേഴ്സിന്റെ കോച്ചും മെന്ററുമായി പ്രവർത്തിച്ചിരുന്ന ശ്രീ നോയൽ കുട്ടിൻഹക്ക് ടീം ഔദ്യോഗിക യാത്രയയപ്പു നൽകി.  

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കുവൈറ്റിന്റെ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച വോളിബോൾ ടീമായി പ്രവർത്തിക്കുന്ന ബൂബിയൻ സ്ട്രൈക്കേഴ്സിന്റെ ആരംഭകാലം മുതൽ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചുവരുന്ന മംഗലാപുരം സ്വദേശിയായ ശ്രീ നോയൽ സ്വന്തം ഔദ്യോഗിക ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന സാഹചര്യത്തിലാണ് കുവൈറ്റിലെ വോളിബോൾ ടീമുകളുടെ സാന്നിധ്യത്തിൽ വിപുലമായ യാത്രയയപ്പു നൽകിയത്.

ശ്രീ നോയലിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ നിരവധി ദേശീയ അന്തർദേശീയ ടൂർണമെന്റുകളിൽ ബൂബിയൻ സ്‌ട്രൈക്കേഴ്‌സ് കപ്പുകൾ നേടിയിട്ടുണ്ട് . വ്യത്യസ്‌തമായ പ്രവർത്തന ശൈലി കൊണ്ട് ടീമിനെ നയിക്കുന്നതിൽ പ്രാഗൽഭ്യം തെളിയിച്ച നോയൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. 

അബ്ബാസിയയിലെ യുണൈറ്റഡ്ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന യാത്രയയപ്പു ചടങ്ങിൽ ടീം ഉടമകളായ സിവി പോൾ ഷിബു പോൾ എന്നിവർ ആശംസകൾ അറിയിച്ചു. യുണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിംഗ്‌ പാർട്ണർ അലക്സ് സക്കറിയ, മധു രവീന്ദ്രൻ, ടീം ക്യാപ്ടൻ റോബിൻ എന്നിവർ സന്നിഹിതരായിരുന്നു. 
നാട്ടിൽ നിന്നും ഉള്ള പഴയ കളിക്കാർ , ദേശീയ അന്തർ ദേശീയ താരങ്ങൾ എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

ശീമതി ഉഷ ദിലീപ് പരിപാടികൾ ഏകോപിപ്പിച്ചു .

Related News