സ്മാർട്ട്ഫോൺ ഫിംഗർപ്രിൻ്റ് ഹാജർ സംവിധാനം; ആരോഗ്യ വകുപ്പിൽ വലിയ ആശയക്കുഴപ്പം

  • 07/01/2025


കുവൈത്ത് സിറ്റി: പുതിയ സ്മാർട്ട്ഫോൺ അധിഷ്ഠിത ഫിംഗർപ്രിൻ്റ് ഹാജർ സംവിധാനം ആരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലും മേഖലകളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. കാര്യമായ തടസ്സങ്ങൾ നേരിട്ടുവെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നടപ്പാക്കി ആദ്യ മണിക്കൂറുകൾക്കുള്ളിൽ ഉയർന്നുവന്ന സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സാങ്കേതിക വിദഗ്ധരും ഡോക്ടർമാരും ഉൾപ്പെടെ നിരവധി ജീവനക്കാര്‍ക്ക് അവരുടെ ഹാജർ സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടുണ്ടായി.

ഈ തകരാർ മന്ത്രാലയത്തിന്‍റെ 95 ശതമാനം സൗകര്യങ്ങളെയും ബാധിച്ചു. ചില ആശുപത്രികളിലെ മുഴുവൻ വകുപ്പുകൾക്കും സ്മാർട്ട് ഫിംഗർപ്രിന്‍റ് സിസ്റ്റം വഴി ഹാജർ രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യം രേഖപ്പെടുത്താൻ വകുപ്പ് മേധാവികൾ പേപ്പർ ഹാജർ ലിസ്റ്റുകളിലേക്ക് തിരിഞ്ഞതോടെ തര്‍ക്കങ്ങളും ഉണ്ടായി. അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് പരമ്പരാഗത എൻട്രി, എക്സിറ്റ് ഫിംഗർപ്രിൻ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താൻ കഴിഞ്ഞെങ്കിലും സിസ്റ്റത്തിൽ എൻറോൾ ചെയ്യാത്ത ഡോക്ടർമാർക്ക് ഈ ഓപ്ഷൻ പ്രായോഗികമായിരുന്നില്ല.

Related News