സാൽവയിലെ സ്കൂളുകൾക്കെതിരെ മുനിസിപ്പാലിറ്റി നടപടിക്കൊരുങ്ങുന്നു

  • 08/01/2025


കുവൈത്ത് സിറ്റി: സാൽവയിലെ ബ്രിട്ടീഷ്, അമേരിക്കൻ, ഇംഗ്ലീഷ് സ്കൂളുകൾക്കെതിരെ മുനിസിപ്പാലിറ്റി നടപടിക്കൊരുങ്ങുന്നു. സാൽവയിലെ സ്വകാര്യ സ്‌കൂളുകൾ സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം നാസർ അൽജദാൻ ഉന്നയിച്ച ചോദ്യത്തിന് എക്‌സിക്യൂട്ടീവ് ബോഡി നൽകിയ മറുപടിയുടെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ നിയമ വകുപ്പ് ഡയറക്ടർ ഹുസൈൻ അൽ അജ്മി മുനിസിപ്പൽ കൗൺസിലിന് വിശദമായ പ്രസ്താവന സമർപ്പിച്ചിട്ടുണ്ട്. 

സാൽവയിലെ സ്വകാര്യ സ്‌കൂളുകളുടെ നിയമലംഘനങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നിയമനടപടികൾ പ്രസ്താവനയിൽ വിശദീകരിച്ചു. നിയമ വകുപ്പിന് ലഭിച്ച മൂന്ന് നിയമലംഘന റിപ്പോർട്ടുകൾ ഹവല്ലി മുനിസിപ്പാലിറ്റിയിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിന് റഫർ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഈ റിപ്പോർട്ടുകൾ നിയമവകുപ്പ് അവലോകനം ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്. റിപ്പോർട്ടിൽ കണ്ടെത്തിയ കെട്ടിട നിയമലംഘനങ്ങൾ വ്യത്യസ്തമാണെന്ന് അംഗത്തിൻ്റെ ചോദ്യത്തിന് മറുപടിയായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Related News