ഡോക്ടർമാർക്കെതിരെ അതിക്രമം; കുവൈത്തിൽ 3 വർഷത്തിനിടെ 67 കേസുകൾ

  • 13/01/2025


കുവൈത്ത് സിറ്റി: ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ഉണ്ടായിരിക്കില്ലെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ തവാല. വാക്കാലുള്ളതോ ശാരീരികമോ ആയ ആക്രമണം ഉണ്ടായാൽ റിപ്പോർട്ടുകൾ സ്വീകരിക്കാൻ ഒരു ഹോട്ട്‌ലൈൻ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആശുപത്രികളിലായി 67 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരനെ ആക്രമിക്കുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ ശിക്ഷാ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തതോടെ മെഡിക്കൽ തൊഴിൽ നിയമത്തിലെ കഠിനമായ ശിക്ഷകൾ കാരണം ഡോക്ടർമാരെ ആക്രമിക്കുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ഇര തൻ്റെ പരാതി പിൻവലിക്കുകയോ പ്രതിയുമായി അനുരഞ്ജനം നടത്തുകയോ മാപ്പ് നൽകുകയോ ചെയ്തില്ലെങ്കിൽ കടുത്ത ശിക്ഷയാണ് കുറ്റവാളികളെ കാത്തിരിക്കുന്നത്. ഡോക്ടർമാരെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഡോക്ടറെ അപമാനിക്കാനോ ആക്രമിക്കാനോ ധൈര്യപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അസോസിയേഷൻ അതിൻ്റെ ശ്രമങ്ങളും നടപടിക്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News