'മകനല്ല യഥാര്‍ഥ പ്രതി, സിസിടിവി ദൃശ്യത്തിലുള്ളത് അവനല്ല, കുടുക്കാന്‍ ശ്രമിക്കുകയാണ്'

  • 24/01/2025

മോഷണ ശ്രമത്തിനിടെ നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദ് കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ് രുഹുല്‍ അമീന്‍. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു. 

പ്രതിയാണെന്ന് സംശയിച്ചാണ് മകനെ അവര്‍ അറസ്റ്റ് ചെയ്തത്. പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആള്‍ അവനല്ല. ചില സാമ്യതകള്‍ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പിതാവ് പറയുന്നു. അനധികൃതമായി ഇന്ത്യയില്‍ കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആള്‍ക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാല്‍ ഷെരിഫുല്‍ മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യുക. ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുല്‍ ബംഗ്ലാദേശില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു. മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുന്നതിന് ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു പിതാന് രുഹുല്‍.

രോഹുല്‍ അമീന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് ഷെരിഫുല്‍. മൂത്തയാള്‍ ധാക്കയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. ഇളയ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഖുല്‍നയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീന്‍. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുല്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.

Related News