ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

  • 12/05/2025



കുവൈറ്റ് സിറ്റി : ഇന്റർനാഷനൽ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (INFOK) "ഫ്ലോറൻസ് ഫിയെസ്റ്റ 2025" എന്ന പേരിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 9 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ജലീബ് അൽ ശുവൈകിൽ വച്ച് സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷം മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇൻഫോക് സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ച് തുടങ്ങിയ പൊതുസമ്മേളത്തിൽ ഡോക്ടർ മുസ്തഫാ അൽ മൊസാവി (ഹെഡ് ,കുവൈറ്റ് ഓർഗൻ പ്രോക്യൂർമെന്റ്) മുഖ്യധിതിയായി പങ്കെടുത്തു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഇൻഫോക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.കുവൈറ്റ് നഴ്സിംഗ് സർവീസസ് ഡയറക്ടറെ പ്രതിനിധീകരിച്ചു മാഡം ദലീല കരീം ഇന്ത്യൻ നഴ്സസിന്റെ പ്രവർത്തനമികവിനെ പ്രശംസിച്ച് സംസാരിച്ചു അതോടൊപ്പം കുവൈറ്റ് നഴ്സിംഗ് ഡയറക്ടർ മാഡം ഇമാൻ അൽ അവാധി വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഹംസ പയ്യന്നൂർ, മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ദീർഘകാലം കുവൈറ്റിൽ സേവാമാനുഷ്ഠിച്ച സീനിയർ നഴ്സസിനെ നൈറ്റിംഗ്ഗേൽ അവാർഡ് നൽകി ആദരിച്ചു. അംഗങ്ങളുടെ കുട്ടികളിൽ മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് ഇൻഫോക് മെറിറ്റോറിയസ് അവാർഡ് നൽകി ആദരിച്ചു.2024 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്കു ബെസ്റ്റ് ഇൻഫോക്കിയൻ അവാർഡ് നൽകി ആദരിച്ചു. INFOK-ന്റെ വാർഷിക മാഗസിൻ- മിറർ 2025 നഴ്സസ് ദിനാഘോഷച്ചടങ്ങിൽ വച്ച് റിലീസ് ചെയ്യപ്പെട്ടു. പ്രോഗ്രാം കൺവീനർ അംബിക ഗോപൻ നന്ദി പ്രകാശനം നടത്തി.വെള്ളിയാഴ്ച രാവിലെ നഴ്സസിനായി പോസ്റ്റർ മത്സരവും ആർട്ടിക്കിൾ പ്രസന്റേഷൻ മത്സരവും സംഘടിപ്പിച്ചു.വിജയികൾ ഫ്ലോറൻസ് ഫിയസ്റ്റ വേദിയിൽ വച്ച് സമ്മാനങ്ങൾ സ്വീകരിച്ചു. 

ആരോഗ്യസംരക്ഷണത്തിന്സമർപ്പിതരായനഴ്സുമാരുടെആത്മവിശ്വാസംഉയർത്തുന്നതിനും,ഐക്യത്തിനും,പ്രൊഫഷണൽ വളർച്ചയ്ക്കും മുൻതൂക്കം കൊടുത്തുകൊണ്ടാണ് എല്ലാ വർഷവും INFOK അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര നഴ്സിംഗ് കൗൺസിൽ നിശ്ചയിച്ച “Our Nurses. Our Future. Caring for nurses strengthens economies.” എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട്, ഫ്ലോറൻസ് നൈറ്റിംഗേലിനെ സ്മരണയിൽ, നൈറ്റിങ്ങലിനെ ആദരിക്കുകയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നഴ്സുമാരുടെ പങ്കിനെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ഈ വർഷത്തെ ആഘോഷം സംഘടിപ്പിച്ചത്.

കുവൈറ്റിലെ നഴ്സസിനെയും നഴ്സസിന്റെ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള കലാപ്രകടനങ്ങൾ അരങ്ങേറി . തുടർന്ന് വൈഷ്ണവ് ഗിരീഷ്, ആതിര ജനകൻ, ക്രിസ്റ്റകല തോമസ്, വിഷ്ണു വർദ്ധൻ അവതരിപ്പിച്ച സംഗീതസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 2015 ഒരു ചെറിയ യൂണിറ്റായി ആരംഭിച്ച INFOK ഇപ്പോൾ കുവൈറ്റിലെ ഏഴ് ആരോഗ്യ മേഖലകളിലായി (അഹ്മദി, അമിരി, ഫർവാനിയ, ജഹ്ര, ഹവല്ലി, മുബാരക് അൽ കബീർ, സബ) 5,000-ത്തോളം അംഗങ്ങളുള്ള ഒരു സംഘടനയായി വളർന്നിരിക്കുന്നു. 

വാർഷിക ആഘോഷങ്ങൾക്കപ്പുറം, INFOK CARE എന്ന പേരിൽ സമൂഹത്തിന് സേവനം നൽകുന്നതിനായി ആരോഗ്യ അവബോധ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സങ്കടിപ്പിക്കുന്നു.കുവൈറ്റിലെ നഴ്സുമാരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രവർത്തിക്കുന്ന മുൻനിര പ്രൊഫഷണൽ സംഘടനയാണ് കുവൈറ്റിലെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ്കുവൈറ്റ് (INFOK).

Related News