'നൂറ് കണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ രഹസ്യമായി കൂഴിച്ചൂമൂടി'; അന്വേഷണത്തിന് പ്രത്യേക സംഘം; ഡിജിപിക്ക് ചുമതല

  • 20/07/2025

ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നല്‍കും. ബംഗളൂരു എസിപി എംഎന്‍ അനുചേത്, ബംഗളൂരു സിറ്റി ഡിസിപി സൗമ്യ ലത, ഐഎസ്ഡി എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്.

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോടിതിയില്‍ ഹാജരായി മൊഴിയും തെളിവുകളും നല്‍കിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ അന്വേഷവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. താന്‍ കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് എല്ലുകളുമായി പരാതിക്കാരന്‍ കഴിഞ്ഞ 11ന് ബള്‍ത്തങ്ങാടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്ഥലത്ത് കുഴിച്ച്‌ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

കോളിളക്കമുണ്ടായിട്ടും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച്‌ എസ്‌ഐടി വേണമെന്ന് നിവേദനം നല്‍കിയിരുന്നു. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നാണ് പരാതി. നിഷ്പക്ഷവും കര്‍ശനവുമായ അന്വേഷണം വേണം. സമഗ്ര ഫോറന്‍സിക് പരിശോധന, അതിന്റെ വീഡിയോ ചിത്രീകരണം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളും സംഘം ഉന്നയിച്ചിരുന്നു.

Related News