മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ

  • 24/07/2025



കുവൈറ്റ് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച യുവാവിനെ ക്യാപിറ്റൽ റെസ്ക്യൂ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിരോധിത ലഹരിവസ്തുക്കളും മദ്യവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. യുവാവ് അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പട്രോളിംഗ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നത്. സംശയാസ്പദമായ രീതിയിൽ ട്രാക്ക് മാറ്റിയ ഇയാളോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് വാഹനം നിർത്തിച്ചു.

വാഹനത്തിനടുത്തേക്ക് എത്തിയപ്പോൾ തന്നെ ഇയാൾ അസ്വാഭാവികമായ അവസ്ഥയിലായിരുന്നു എന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. വാഹനത്തിലും ഇയാളുടെ പക്കലും നടത്തിയ പരിശോധനയിൽ രണ്ട് കുപ്പി മദ്യം, ഒരു നിശ്ചിത അളവ് മയക്കുമരുന്ന്, കൂടാതെ 1,000 ദിനാറിൽ അധികം പണം എന്നിവ കണ്ടെടുത്തു. യുവാവിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related News