മയക്കുമരുന്ന് കേസ്; പ്രവാസി യുവാവും യുവതിയും അറസ്റ്റിൽ

  • 06/08/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് കേസിൽ പ്രവാസി യുവാവും യുവതിയും പോലീസ് പിടിയിൽ. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ഉയർന്ന പരാതിയെ തുടർന്നാണ് ഇയാളെയും യുവതിയെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തത്. ജഹ്റയിലെ ബ്ലോക്ക് 2-ലുള്ള അപാർട്ട്മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 

വീട്ടുവാതിൽക്കൽ മുട്ടിയപ്പോൾ ഒരു പുരുഷനാണ് വാതിൽ തുറന്നത്. അകത്ത് ഒരു സ്ത്രീയും ഉണ്ടായിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ രേഖകളൊന്നും ഇല്ലെന്നും സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതാണെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. തുടർന്ന് തന്റെ കാമുകൻ മയക്കുമരുന്ന് വിൽപനക്കാരനാണെന്ന് പറഞ്ഞ് ഹെറോയിൻ അടങ്ങിയ ഒരു വലിയ ബാഗ് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് അപാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ഹെറോയിന് പുറമെ, രണ്ട് നെക്ലേസുകൾ, ഒരു ബ്രേസ്ലെറ്റ്, രണ്ട് മോതിരങ്ങൾ, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് യുവാവ് അവകാശപ്പെട്ട 500 കുവൈത്തി ദിനാർ എന്നിവയും കണ്ടെടുത്തു. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നും ഒരേ രാജ്യക്കാരാണെന്നും പോലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related News